ലക്നൗ: അവസാന വരെ സഞ്ജു സാംസൺ പൊരുതി നിന്നെങ്കിലും പരാജയം ഒഴിവാക്കാനാവാതെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ആതിഥേയർ 9 റൺസിന് പരാജയം സമ്മതിച്ചു. മലയാളി താരം സഞ്ജു സാംസണിന്റെ വീരോചിതമായ ഇന്നിങ്സാണ് ഇന്ത്യയെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
സഞ്ജു 63 പന്തുകളിൽ നിന്ന് 86 റൺസ് നേടി പുറത്താകാതെ നിന്നു. മനോഹരമായ ഇന്നിങ്സിൽ മൂന്ന് സിക്സറുകളും 9 ബൗണ്ടറിയും അടങ്ങിയിരുന്നു. എന്നാൽ സഞ്ജുവിന് കൂട്ടായി ക്രീസിൽ ആരും നിലയുറപ്പിച്ചില്ല. അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ(50), ഷർദ്ദുൽ താക്കൂർ(33) മാത്രമാണ് ഇന്ത്യൻ നിരയിൽ സഞ്ജുവിനെ കൂടാതെ ചെറുത്തുനിൽപ്പ് നടത്തിയത്.
ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു
. ഹെയ്റിച്ച് ക്ലാസ്സൻ(74 നോട്ടൗട്ട്), ഡേവിഡ് മില്ലർ(75 നോട്ടൗട്ട) എന്നിവരുടെ കരുത്തുറ്റ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ അപരാജിതമായ 139 റൺസിന്റ സഖ്യമുണ്ടാക്കി. വെറും 106 പന്തിൽ നിന്നാണ് ഇത്രയും അടിച്ചെടുത്തത്.
ഇന്ത്യൻ ഫീൽഡർമാർ നടത്തിയ അലസമായ കളിയും ക്യാച്ചുകൾ വിട്ടു കളഞ്ഞതും പ്രോട്ടിയാസിന് കാര്യങ്ങൾ അനായാസമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ വിക്കറ്റുകൾ വീണതോടെ സ്കോറിങ് മന്ദഗതിയിലായി. ഒടുവിൽ 40 ഓവർ പോരാട്ടത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസിന് റൺസെടുത്തു ഒമ്പത് റൺസിന്റെ പരാജയം ഏറ്റുവാങ്ങി.
Comments