ന്യൂയോർക്ക്: ശീതയുദ്ധ കാലത്തിന് ശേഷം ലോകം വീണ്ടും ആണവ യുദ്ധഭീഷണി നേരിടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. 1962ലെ ക്യൂബൻ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമാണ് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
യുക്രെയ്ൻ അധിനിവേശം തുടരാൻ വേണ്ടി ആവശ്യമെങ്കിൽ ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ പ്രസ്താവനയെ തമാശയായി കാണേണ്ടതില്ല. നിലവിലെ നിലയ്‌ക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ആണവായുധ ഭീഷണി പ്രത്യക്ഷത്തിൽ നിലനിൽക്കുകയാണ് എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടി വരുമെന്നും ബൈഡൻ പറഞ്ഞു.
മറ്റ് മാർഗങ്ങളില്ലാതെ വന്നാൽ യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ടി ആണവായുധം പ്രയോഗിക്കേണ്ടി വരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പരോക്ഷമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണി ഒരു യുദ്ധ തന്ത്രം മാത്രമാണ് എന്നാണ് അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതേസമയം, റഷ്യ ആണവായുധം പ്രയോഗിച്ചില്ലെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി രാസായുധമോ ജൈവായുധമോ ഉപയോഗിച്ചേക്കാമെന്നാണ് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ.
Comments