മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂന്ന് ദിവസത്തെ നോർവെ സന്ദർശനം പൂർത്തിയായി. ഇന്ന് മന്ത്രിസംഘം ബ്രിട്ടനിലേക്ക് തിരിക്കും. നാല് ദിവസത്തെ സന്ദർശനമാണ് മന്ത്രിസംഘം യുകെയിൽ നടത്തുക. നോർവെയിൽ സന്ദർശിച്ച മന്ത്രിമാർ വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. മലയാളി കൂട്ടായ്മയുടെ സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. നോർവീജിൻ ഫിഷറീസ് മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ ഭാഗമായി നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
മത്സ്യബന്ധനം, അക്വാകൾച്ചറൽ എന്നീ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തു. നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിർമിക്കുന്നതിനും കേരളവുമായി സഹകരിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. വ്യവസായ മന്ത്രി.പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല , ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവരാണ് നോർവീജിയൻ കമ്പനികളുമായി ചർച്ച നടത്തിയത്.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദർശനത്തിന്റെ പൊള്ളത്തരങ്ങൾ ബിജെപി നേതാക്കൾ തുറന്നു കാട്ടി. കൊച്ചിയിലുള്ള നവാസ് മീരാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറഞ്ഞു. നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്റ്റംബർ 5-ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊൾ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. കേരളത്തിലെ മന്ത്രിമാർക്ക് എന്താണ് ഇതിൽ പങ്കെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.
Comments