ജമ്മു: ജമ്മു കശ്മീരിലെ കുടുംബ ഭരണത്തിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ. അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, മുഫ്തിയുടെ പി.ഡി.പി, നെഹ്‌റുവിന്റെ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുടുംബ ഭരണമാണ് നടത്തിയിരുന്നത്. ഇവർ കശ്മീരിന്റെ വികസനം താറുമാറാക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷന്റെ കൃത്യമായ അതിർത്തി നിർണ്ണയം വരുന്നതോടുകൂടി ഓരോ പാർട്ടികൾക്കും ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിപ്പിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഭീകരത ഏതെങ്കിലും മനുഷ്യന് ഗുണം ചെയ്തിട്ടുണ്ടോ. 1990 മുതൽ ഇന്നുവരെ ജമ്മു കശ്മീരിൽ ആകെ 42,000ത്തോളം ആളുകൾ ഭീകരാക്രണം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു ഉത്തരവാദികൾ സംസ്ഥാനത്ത് ഇത്രയും കാലം ഭരിച്ച മൂന്ന് കുടുംബങ്ങളാണ്. ജമ്മുവിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി എക്‌സൽസിയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.
കശ്മീരിലെ മൂന്ന് കുടുംബങ്ങളിൽ ഗുലാം നബി ആസാദിന്റെ പാർട്ടി ഉൾപ്പെടില്ല. ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വതന്ത്രമായി മത്സരിക്കാൻ അവകാശമുണ്ട്. ഭീകരവാദത്തെ ചെറുത്ത് വികസനവും സമാധനവും പുലരുന്ന കശ്മീരിനെ തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ്സും പി ഡി പിയും നാഷണൽ കോൺഫറൻസ് പാർട്ടിയും മുമ്പ് ഭീകരവാദത്തെ ഒളിഞ്ഞും മറഞ്ഞും സഹായം ചെയ്തു കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments