എറണാകുളം : പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം സുവർണ നാലപ്പാടിന്. തപസ്യ കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പുരസ്കാരമാണ് പ്രശസ്ത എഴുത്തുകാരി ഡോ. സുവർണ നാലപ്പാടിന് നൽകുന്നത്. കല, സാഹിത്യം, ചരിത്രം, തത്വചിന്ത, ദർശനം എന്നീ മേഖലകൾക്ക് നൽകിയ അതുല്യമായ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം .
ഉപനിഷത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയടങ്ങുന്ന പ്രസ്ഥാന ത്രയത്തിന് ഭാഷ്യമെഴുതിയ ഒരേയൊരു മലയാളി വനിതയായ ഡോ. സുവർണ നാലപ്പാടിന്റെ രചനകൾ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളാണെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. പി. നാരായണക്കുറുപ്പ്, ആഷാ മേനോൻ, മുരളി പാറപ്പുറം എന്നിവരാണ് സമിതിയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.
ഈ മാസം 20 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. പ്രൊഫ.എം. തോമസ് മാത്യു തുറവൂർ വിശ്വംഭരൻ അനുസ്മരണ പ്രഭാഷണം നടത്തും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Comments