മണിരത്നം സംവിധാനം ചെയ്ത ചരിത്രസൃഷ്ടിയായ പൊന്നിയിൻ സെൽവൻ എന്ന ചിത്ര അടുത്തിടെയാണ് പുറത്തിറങ്ങിയത്. ആദ്യ ദിനം തന്നെ റെക്കോർഡ് തകർത്ത ചിത്രം, വൻ നേട്ടമാണ് കൊയ്യുന്നത്. അതോടൊപ്പം ഈ സിനിമയുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് വിവാദവും പുകയുന്നുണ്ട്. സിനിമ റിലീസിന് പിന്നാലെ ചോള രാജവംശത്തിലെ രാജാക്കന്മാർ ഹിന്ദുക്കളായിരുന്നില്ല എന്ന അവകാശവാദവുമായി തമിഴ് സംവിധായൻ വെട്രിമാരൻ രംഗത്തെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് പിന്തുണയുമായി നടൻ കമല ഹാസനുമെത്തി.
എന്നാൽ ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദക്ഷിണേന്ത്യയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള ഗവേഷകനായ എസ് ജയകുമാർ. ചോള രാജവംശത്തിന്റെ പഴയ രേഖകളിൽ ഹിന്ദു എന്ന വാക്ക് കാണുന്നില്ലെങ്കിലും അദ്ദേഹം ഒരു ശൈവനും ഹിന്ദു രാജാവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം നൂറ്റാണ്ടുകൾക്ക് മുന്നേ ഉണ്ടായതാണ്. അന്ന് ശിവനെ ആരാധിക്കുന്നവർ ശൈവന്മാർ എന്നും വിഷ്ണുവിനെ ആരാധിക്കുന്നവർ വൈഷ്ണവർ എന്നും അറിയപ്പെട്ടു. അവർ ദുർഗയെയും ശക്തിയെയും കാളിയെയും മുരുകനെയും ഗണപതിയെയും ആരാധിച്ചിരുന്നു. രാജ രാജ ചോളൻ ഒരു തികഞ്ഞ ശൈവനായിരുന്നുവെങ്കിലും അദ്ദേഹം ശിവക്ഷേത്രങ്ങൾ ഒന്നും തന്നെ നിർമ്മിച്ചിരുന്നില്ല. വിഷ്ണു ക്ഷേത്രങ്ങളാണ് അദ്ദേഹം പണിതത്.
ബൃഹദീശ്വര ക്ഷേത്രത്തിൽ ഗണപതിക്ക് ഒരു ദിവസം 150 വാഴപ്പഴം സമർപ്പിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന മനോഹരമായ ഒരു കൊത്തുപണിയുണ്ട്. ഇതെല്ലാം ഹിന്ദുമതം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. രാജ രാജ ചോളൻ ഹിന്ദുവായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. ഹിന്ദു മതത്തിലെ ശൈവ വിഭാഗത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം.
തമിഴ്നാട് ഭരിച്ചിരുന്ന ചോളരുടെയും മറ്റ് രാജവംശങ്ങളുടെയും ചെമ്പ് ഫലകങ്ങളും ശിലകളും തങ്ങൾ ശിവന്റെയും വിഷ്ണുവിന്റെയും ഭക്തരാണെന്ന് പറയുന്നു. അവർ ജൈനമതത്തെയും ബുദ്ധമതത്തെയും സംരക്ഷിക്കുകയും ചെയ്തു. ശക്തി, ഗണേശൻ, മുരുകൻ എന്നിവരെയും അവർ ആരാധിച്ചിരുന്നു. ഹിന്ദു എന്ന വാക്ക് പ്രചാരത്തിലുണ്ടായില്ലെങ്കിലും ആശയം വളരെ പഴയതാണ്.
വിദേശ സഞ്ചാരികൾ അവരുടെ പുസ്തകങ്ങളിൽ ഇന്ത്യയിലെ ജനങ്ങളെ ഹിന്ദുക്കൾ എന്നാണ് വിളിക്കുന്നത്. സിന്ധു നദിക്കപ്പുറമുള്ളവരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുയിസം എന്ന പദം ഒരു സങ്കൽപ്പമെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments