ഇടുക്കി : മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം . പത്തനംതിട്ടയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അഭിഭാഷകരാണ് കയ്യേറ്റം ചെയ്തത്. ബസിലെ നിയമ ലംഘനങ്ങൾ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.
അവധി ദിവസം ആയതിനാൽ കൂടുതൽ വാഹനങ്ങൾ വിനോദ സഞ്ചാരത്തിനായി എത്തുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നിതിന് വിവിധ മാദ്ധ്യമങ്ങളിലെ ജീവനക്കാർ ഇവിടെ എത്തിയത്. ഈ സമയത്താണ് ഏതാനും വാഹനങ്ങളിലായി കുറച്ച് ആളുകൾ എത്തിയത്. വാഹനങ്ങളിൽ പരിശോധന നടത്തിയപ്പോൾ തന്നെ നിയമലംഘനം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
എത്തിയ വാഹനങ്ങൾ എല്ലാം തന്നെ എസി പെർമ്മിറ്റ് ഇല്ലാത്തവയാണ്. എന്നാൽ എസി ഘടിപ്പിക്കുന്നതിനായി ബൊലേറോയുടെ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. പരിശോധനയ്ക്കിടെയാണ് വാഹനത്തിലുള്ളത് അഭിഭാഷകരാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയത്. ഇതിനിടെ അഭിഭാഷകർ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരോട് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് ചിത്രീകരിക്കുന്നതിനിടെയാണ് അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്.
സാധാരണ ടൂറിസ്റ്റ് ബസിലാണ് അഭിഭാഷകർ എത്തിയത്. ഇതിൽ അധികമായി എൻജിൻ ഘടിപ്പിച്ചാണ് എസി പ്രവർത്തിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടങ്ങൾ വിളിച്ച് വരുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments