തൃശൂർ: തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാല് പേരും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അച്ഛനും മകനും ഇന്നാണ് മരിച്ചത്.ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.
കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യയും ഇളയ മകനും മരിക്കുകയായിരുന്നു. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. ഇവർക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. അതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾ പോലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെമ്പായം സ്വദേശി അഫ്സലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് സ്റ്റേഷനിലായിരുന്നു സംഭവം.ഇയാൾ കേശവദാസപുരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോൾ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിലും ബഹളം തുടർന്നു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു.ഈ സമയം കാറിൽനിന്ന് ചാടിയിറങ്ങി ഇയാൾ കൈഞരമ്പ് മുറിക്കുകയായിരുന്നു. പരിക്ക് നിസ്സാരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Comments