കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഒരു പുഴുവിന്റെ ചിത്രവും സ്ത്രീയുടെ ശബ്ദവുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പുഴുവിന്റെ ചിത്രത്തിനൊപ്പം തന്നെ മരിച്ച് കിടക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും ഇതിൽ ഉണ്ട്. ചിത്രത്തിനൊപ്പം പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ് ‘ പുതിയതായി ഇറങ്ങിയ പുഴുവാണ്. കർണാടകയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എല്ലാം ഇത് വ്യാപകമായിട്ടുണ്ട്. കടിച്ചാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പുഴുവിനെ കണ്ടാലുടനെ ചുട്ടുകൊല്ലണമെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ സന്ദേശം വിശ്വസിക്കരുതെന്നും, പരുത്തിത്തോട്ടത്തിലും കരിമ്പിൻ കാടുകളിലും മറ്റും കാണപ്പെടുന്ന ഒരിനം പുഴുവാണ് ഇതെന്നും വിദഗ്ധർ പറയുന്നു. ലിമാകോഡിഡേ കുടുംബത്തിൽ പെട്ട പുഴുവിന്റെ ചിത്രവാണിത്. ഒരുതരം നിശാശലഭത്തിന്റെ പുഴു. ഇതിന്റെ ശരീരത്തിൽ നിറയെ ചെറിയ കൂർത്ത രോമമുണ്ട്. ഇത് ശരീരത്തിൽ കൊണ്ടാൽ ചെറുതായി തുളച്ച് കയറും. രോമങ്ങളുടെ ചുവടറ്റത്ത് വിഷഗ്രന്ഥി ഉള്ളത് കൊണ്ട് തന്നെ മുള്ളു കൊള്ളും പോലെ അസ്വസ്ഥതയോ അല്ലെങ്കിൽ വളരെ ചെറിയൊരു വേദനയോ ഉണ്ടാകാം. ഈ പുഴു കടിച്ചത് കൊണ്ട് മാത്രം ആരും മരിച്ചതായി റിപ്പോർട്ടില്ല. സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ചിത്രം മറ്റേതോ കാരണങ്ങൾ കൊണ്ട് മരിച്ചവരുടേയതാണ്.
ചിത്രത്തിൽ കാണുന്ന പുഴുവുമായി ഇതിന് ബന്ധമില്ല. പല പ്രാണികളും സാധാരണക്കാർക്ക് അത്ര പരിചിതമല്ല. അതുകൊണ്ട് തന്നെയാണ് ഇത്തരം പോസ്റ്റുകൾ വൈറലാകുന്നതെന്നും വിദഗ്ധർ പറയുന്നു. പരിചയം ഇല്ലാത്തത് കൊണ്ട് തന്നെയാണ് സന്ദേശം അതിവേഗത്തിൽ പ്രചരിച്ചതും. ആളെക്കൊല്ലി പുഴുവായതും. ഒച്ചിനെ പോലെ വളരെ പതുക്കെയാണ് ഇവയുടെ സഞ്ചാരം എന്നതിനാൽ ഒച്ചുശലഭം എന്നും, കൊക്കൂണുകൾക്ക് കപ്പിന്റെ ആകൃതിയാണ് എന്നതിനാൽ കപ്പ് ശലഭം എന്നും ഇവയ്‌ക്ക് പേരുണ്ട്. മാവ്, വാഴ, സപ്പോട്ട തുടങ്ങിയ മരങ്ങളുടെ എല്ലാം ഇലകൾ ഇവയുടെ ലാർവകൾക്ക് ഭക്ഷണമാകാറുണ്ട്.















