കണ്ണൂർ: സെൻട്രൽ ജയിലിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ പാർപ്പിച്ച ബ്ലോക്കിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജയിലിലെ ആറാം ബ്ലോക്കിൽ നിന്നായിരുന്നു ഫോൺ പിടിച്ചെടുത്തത്. മൂന്ന് ഫോണുകളാണ് പിടിച്ചെടുത്തത്.
എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമം അഴിച്ചുവിട്ട പ്രതികളെയാണ് ആറാം ബ്ലോക്കിൽ പാർപ്പിച്ചിരിക്കുന്നത്. പിടിക്കപ്പെടാതിരിക്കാൻ തെങ്ങിന് മുകളിലാണ് ഫോൺ ഒളിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കാണാനായി വളപട്ടണം സ്വദേശി അബ്ദുൾ അസീസ് ജയിലിൽ എത്തിയിരുന്നു. ഇയാളുടെ പക്കൽ ബീഡി ഉണ്ടായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിലാണ് ജയിലിൽ ഫോൺ ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ആരംഭിക്കുകയായിരുന്നു. ബീഡി ആവശ്യപ്പെട്ട് തന്നെ ഫോണിൽ വിളിച്ചെന്ന് ആയിരുന്നു അബ്ദുൾ അസീസ് പോലീസിനോട് പറഞ്ഞത്.
ബാറ്ററി ഊരി മാറ്റിയായിരുന്നു ഫോൺ തെങ്ങിൽ സൂക്ഷിച്ചിരുന്നത്. ജയിലിൽ ഇവരെ സന്ദർശിക്കാൻ എത്തിയവരാണ് ഇത് നൽകിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഫോൺ ഉപയോഗിച്ചോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.
Comments