എറണാകുളം : കേരള ജനതയെ ഞെട്ടിച്ച ആഭിചാര കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും. വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണ്. ഇയാളുടെ മാനസിക വൈകൃതത്തിന് ചികിത്സ അത്യാവശ്യമാണെന്നും പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു.
പതിനാറാം വയസ്സ് മുതൽ കുറ്റകൃത്യങ്ങളിലേർപ്പെട്ട ഷാഫി ആദ്യമായി കേസിൽ കുടുങ്ങുന്നത് 2006 ലാണ്. ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേൽപിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണ്. ഇതിനു വേണ്ടി എന്തു കഥയും ഉണ്ടാക്കി ലക്ഷ്യത്തിലേക്കെത്തും. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിർത്തുന്നതായിരുന്നു ഇയാളുടെ പതിവ്.
ഇലന്തൂരിൽ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് ഷാഫി അടക്കമുള്ള പ്രതികൾ നടത്തിയത്. റോസ്‌ലിന്റെ മാറിടം ഭഗവൽസിങ് മുറിച്ച് മാറ്റിയതായി റിമാൻഡ് റിപ്പോർട്ടിൽപറയുന്നു. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റിൽ വീടിന്റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയിൽ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.















