തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ. പുസ്തകത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് ട്രോളുകളായി നിറയുന്നത്. ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
വൈകീട്ടോടെയായിരുന്നു സ്വപ്ന സുരേഷിന്റെ ആത്മകഥ വിപണയിൽ ഇറങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനൊപ്പം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വപ്നയുടെയും ശിവശങ്കറിന്റെയും ചിത്രങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇവ ട്രോളൻമാരും ആഘോഷമാക്കി തുടങ്ങിയത്.
ശിവശങ്കർ തന്നെ വിവാഹം കഴിച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും, പിറന്നാൾ ആഘോഷവും ഉൾപ്പെടെയുളള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. തലയിൽ തൊപ്പി വെച്ച് നീല മുടിയുമായി ശിവശങ്കർ നിൽക്കുന്ന ചിത്രവും, പിറന്നാൾ ആഘോഷത്തിനിടെ സ്വപ്നയ്ക്ക് കേക്ക് നൽകുന്ന ചിത്രവും ഉൾപ്പെടെയാണ് ട്രോളന്മാർ ആഘോഷമാക്കിയിരിക്കുന്നത്.
ചിത്രങ്ങൾ കണ്ട മുൻ സിഎം എന്ന് പറഞ്ഞ് സോളാർ കേസും പരോക്ഷമായി ട്രോളുകളിൽ വിഷയമായിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ വെച്ച് ലെ ശങ്കരേട്ടൻ, നോക്കണ്ട ഉണ്ണീ ഇത് ഞാനല്ല എന്ന് തുടങ്ങിയ സിനിമകളിലെ ഡയലോഗുകളെയും ട്രോളൻമാർ വെറുതെ വിട്ടിട്ടില്ല.
ശിവശങ്കർ തന്നെ വിവാഹം ചെയ്തിരുന്നതായി സ്വപ്ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സാധൂകരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്. ഇതോടെ ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവും സമൂഹമാദ്ധ്യമങ്ങളിൽ ഉയരുകയാണ്
Comments