തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന ചിത്രം ബോക്സ്ഓഫീസിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത മമ്മൂട്ടി ഭാവമാണ് പ്രേഷകർക്ക് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനത്തിനും സിനിമയുടെ മേക്കിംഗിനുമൊപ്പം റോഷാക്കിലെ പശ്ചാത്തല സംഗീതവും ഗാനവും കൈയ്യടി നേടിയിരുന്നു. തിയറ്ററിൽ പ്രകമ്പനം കൊള്ളിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഡോണ്ട് ഗോ’ എന്ന ഗാനമാണ് ദുൽഖർ സൽമാന്റെ യൂട്യൂബ് പേജിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മരണവും, പിന്നാലെ നടന്ന സംഭവ വികാസങ്ങളും, ലൂക്ക് ആന്റണിയെ സംശയത്തിന്റെ നിഴലിൽ നോക്കുന്ന നാട്ടുകാരെയും എല്ലാം ഉൾപ്പെടുത്തിയാണ് ഗാനം. എസ്എ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്.
സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. ലൂക് ആന്റണി എന്ന ബിസിനസ്സ്മാൻ ആയിട്ടാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത്.
ഹോളിവുഡ് ചിത്രം കാണുന്ന അനുഭവമാണ് റോഷാക്ക് സമ്മാനിക്കുന്നതെന്ന് പ്രേഷകർ പറയുന്നു. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റ് താരങ്ങൾ. നടി ബിന്ദു പണിക്കർ മമ്മൂട്ടിക്കൊപ്പം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുന്നു. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ചിത്രം നിർമ്മിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Comments