ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ 8നാണ് വോട്ടെണ്ണൽ. ഒക്ടോബർ 17ന് വിജ്ഞാപനം പുറത്തിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബർ 27ന് നടക്കും. പത്രിക പിൻ വലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുന്ന നഗര വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. വോട്ടിംഗ് ശതമാനം ഉയർത്താനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
വർഷത്തിൽ ഒരു തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പകരം, നാല് തവണ പേര് ചേർക്കാൻ അവസരം ഉണ്ടാകും. കൊറോണ രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും.
ബിജെപിയാണ് ഹിമാചൽ പ്രദേശിൽ ഭരണത്തിൽ ഇരിക്കുന്നത്. കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം.
Comments