തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ എട്ട് ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ ജാഗ്രതാ നിർദേശമുണ്ടായിരുന്നത്.
ഇന്ന് അലർട്ട് നൽകിയ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടർന്നേക്കുമെന്നാണ് വിവരം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കാം. കിഴക്കൻ മേഖലകളിലും വ്യാപകമായി മഴ പെയ്തേക്കും. ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമാകുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. വ്യാഴാഴ്ചയോടെ ആൻഡമാൻ കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് സൂചന.
Comments