ശ്രീരാമ-ലക്ഷ്മണ ബന്ധത്തെ അവഹേളിച്ചു; തെക്കൻ കേരളത്തിലെ ജനങ്ങളെ ആക്ഷേപിച്ചു; അനാവശ്യ പ്രസ്താവന നടത്തിയ സുധാകരനെതിരെ അച്ചടക്ക നടപടി വേണമെന്ന് കെ സുരേന്ദ്രൻ

Published by
Janam Web Desk

കോഴിക്കോട്: അങ്ങേയറ്റം അപമാനകരമായ പ്രസ്താവനയാണ് കെ. സുധാകരൻ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രാമയണത്തെക്കുറിച്ചും തെക്കൻ കേരളത്തിലെ ജനങ്ങളെക്കുറിച്ചും സുധാകരൻ നടത്തിയ പ്രസ്താവന കേരള സമൂഹത്തിനും വിശ്വാസി സമൂഹത്തിനും വെല്ലുവിളിയാണ്. സുധാകരന് ചരിത്ര ബോധം പൂർണമായും നഷ്ടപ്പെട്ടോയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.

തൃശൂരിനപ്പുറം തിരുവനന്തപുരം വരെയുള്ള ജനതയെ സുധാകരൻ ആക്ഷേപിക്കുകയാണ് ചെയ്തത്. തീർത്തും അനാവശ്യമായ പ്രസ്താവനയായിരുന്നു സുധാകരന്റേത്. നവോത്ഥാന നായകർക്ക് ജന്മം നൽകിയ പ്രദേശത്തെ സുധാകരൻ ആക്ഷേപിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തനിമയ്‌ക്കും ഔന്നിത്യത്തിനും വേണ്ടി വലിയ സംഭാവനകൾ നൽകിയ ഒരു ജനതയെ ആണ് കോൺഗ്രസിന്റെ അദ്ധ്യക്ഷൻ തരംതാഴ്‌ത്തിയത്. ഇക്കാര്യത്തിൽ ശശി തരൂരും വി.ഡി സതീശനും അഭിപ്രായം പറയണം. സുധാകരനെതിരെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള വിരോധമാകും കെ. സുധാകാരനെ കൊണ്ട് പറയിച്ചത്. എന്നാൽ ആ പരാമർശം രാമായണത്തിന്റെ വിശ്വാസത്തെ തന്നെ വ്രണപ്പെടുത്തി. ഭഗവാൻ ശ്രീരാമചന്ദ്രനും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തെ ഒരു മതിപ്പുമില്ലാതെ പരാമർശിക്കുകയാണ് സുധാകരൻ ചെയ്തതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

ഇംഗ്ലീഷ് ദിനപത്രത്തിന് കെ. സുധാകരൻ നൽകിയ അഭിമുഖമായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. രാമായണ കഥയെന്ന രീതിയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കഥയവതരിപ്പിക്കുകയായിരുന്നു സുധാകരൻ. രാമനെ വഞ്ചിക്കാൻ ലക്ഷ്മണൻ ഒരുങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കഥ. ലക്ഷ്മണന് അത്തരമൊരു തോന്നൽ വരാനിടയായത് അതേസമയം സഞ്ചരിച്ച ഭൂപ്രദേശത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നുവെന്നും കഥയിൽ പറയുന്നു. സുധാകരൻ പറഞ്ഞ പുരാണ കഥ പ്രകാരം അതേസമയം ലക്ഷ്മണനും രാമനും സഞ്ചരിച്ചത് തെക്കൻ കേരളത്തിലൂടെയായിരുന്നു. പ്രസ്താവന നടത്തിയ സുധാകരൻ പിന്നീട് തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം പിൻവലിച്ച് രംഗത്തെത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തു.

 

Share
Leave a Comment