ആലപ്പുഴ : ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ശക്തം . 141 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥർ. പരിശോധനയുടെ ഭാഗമായി നിയമലംഘകരിൽ നിന്ന് 1.76 ലക്ഷം രൂപ പിഴ ഈടാക്കി. ഇതിന് പുറമെ കോൺട്രാക്ട് കാര്യേജുകൾ അടക്കം 11 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. 11 പേരുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാനും ശുപാർശ നൽകി.
ആലപ്പുഴയ്ക്ക് പുറമെ മലപ്പുറം തിരൂരങ്ങാടിയിലും നിയമലംഘനങ്ങൾക്കെതിരെയുള്ള ‘ഓപ്പറേഷൻ ഫോക്കസ് ത്രീ’ പരിശോധന കൂടുതൽ ശക്തമാക്കി.വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായാണ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. പരപ്പനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ വേഗപ്പൂട്ട് വിച്ഛേദിച്ചതും ഫ്ലാഷ് ലൈറ്റുകളും കളർ ലൈറ്റുകളും ഉപയോഗിച്ചതും ഇഷ്ടത്തിനനുസരിച്ച് കളർ അടിച്ചതുമായ 2 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി.
കണ്ണഞ്ചിക്കുന്ന ലൈറ്റുകളും ഫ്ലാഷ്, കളർ ലൈറ്റുകളും ഘടിപ്പിച്ച 8 വാഹനങ്ങൾക്കെതിരേയും നടപടിയെടുത്തു. നിർത്താതെ പോയ ഒരു വാഹനത്തിനെതിരെയും ഹെൽമറ്റ് ധരിക്കാത്ത 2 പേർക്കെതിരെയും പിഴ ചുമത്തി. 16 കേസുകളിലായി 25,000 രൂപ പിഴ ചുമത്തി. മോടി കൂട്ടിയ 2 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments