കീവ് : യുക്രെയ്‌ന് നേരെ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ സെൻട്രൽ ഷെവ്‌ചെൻകോ ജില്ലയിലാണ് റഷ്യൻ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നയാളുകൾ ഷെൽട്ടറുകളിൽ അഭയം തേടണമെന്ന് അധികൃതർ അറിയിച്ചു.
യുക്രെയ്‌ന് നേരെ കാമികാസി ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത് എന്ന് പ്രസിഡന്റിന്റെ ഓഫീസിലെ മേധാവി ആൻഡ്രെ യെർമാർക്ക് അറിയിച്ചു. പുലർച്ചെ 6.30 യ്‌ക്കും 7 മണിക്കുമിടയിൽ മൂന്ന് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. നഗരമദ്ധ്യത്തിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ചു.
ഡ്രോണുകൾ ആക്രമണം ആരംഭിച്ചതോടെ ഇവയെ വെടിവെച്ചിടാൻ യുക്രെയ്‌നും ശ്രമം നടത്തിയിരുന്നു. ഒക്ടോബർ 10 ന് റഷ്യ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തുന്നത്. റഷ്യ കാമികാസി ഡ്രോണുകൾ ഉപയോഗിച്ച സാഹചര്യത്തിൽ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണ് യുക്രെയ്ൻ.
Comments