ടെഹ്‌റാൻ : ഇറാനിലെ ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ശനിയാഴ്ചയാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ നാല് തടവുകാർ മാത്രമാണ് മരിച്ചതെന്ന് ഇറാനിയൻ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ ഈ കണക്കുകളെക്കാൾ കൂടുതലാണ് മരണസംഖ്യയെന്ന് ഇറാൻ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. ഇതോടെ ഭരണകൂടം പ്രതിസന്ധിയിലാണ്.
തടവുകാർ തമ്മിലുണ്ടായ അടിപിടിയാണ് തീപ്പിടുത്തത്തിൽ കലാശിച്ചത് എന്നാണ് ഭരണാധികാരികൾ വിശദീകരിക്കുന്നത്. വർക്ക് ഷോപ്പിൽ വെച്ചാണ് തടവുകാർ തമ്മിൽ തർക്കമുണ്ടായത്. കള്ളക്കടത്ത്, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് അപകടത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
എന്നാൽ ഇത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ തറപ്പിച്ച് പറയുന്നു. രാഷ്‌ട്രീയ പശ്ചാത്തലമുളള നിരവധി പ്രതികളെ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. അപകടം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ജയിലിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു. ഈ ”അപകടത്തിന് ” ഇറാനിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധമുണ്ടോയെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
ജയിലിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഭരണകൂടം ഈ കണക്കുകൾ പുറത്തുവിടാത്തതാണെന്നും ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു.ഇറാനിൽ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ജയിലിൽ അപകടം എന്നതും ശ്രദ്ധേയമാണ്.
Comments