പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയ്‌ക്ക് മുൻപ് പ്രധാന പ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊല കൂടി നടത്തിയതായി വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തോട് കേസിലെ മറ്റൊരു പ്രതിയായ ലൈലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാഫി തന്നെയാണ് ഇക്കാര്യം ലൈലയോട് പറഞ്ഞത്. ഒരു വർഷം മുൻപായിരുന്നു ഷാഫി കൊലപാതക വിവരം വെളിപ്പെടുത്തിയത്. എറണാകുളം സ്വദേശിനിയെയാണ് കൊലപ്പെടുത്തിയതെന്നും ഷാഫി പറഞ്ഞതായി ലൈല പോലീസിനോട് പറഞ്ഞു. എന്നാൽ ഷാഫി പോലീസിനോട് ഇക്കാര്യം നിഷേധിച്ചു. ലൈലയെയും, ഭഗവൽ സിംഗിനെയും വിശ്വസിപ്പിക്കാൻ പറഞ്ഞെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞിരിക്കുന്നത്. നിലവിൽ മുഹമ്മദ് ഷാഫിയെയും ലൈലയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.
കൊലപാതക ശേഷം ശരീരങ്ങൾ വെട്ടി മുറിച്ചത് ഷാഫിയാണെന്നാണ് പോലീസ് പറയുന്നത്. ഇരട്ട കൊലപാതകത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൂടുതൽ സമാന കേസുകൾ ഉണ്ടെന്നു തെളിഞ്ഞിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ട്. ഇതിന് പുറമേ സൈബർ തെളിവുകളും നിലവിലുണ്ട്. പ്രതികളുടെ നിരവധി ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ എന്ന ആരോപണം പോലീസ് കള്ളി. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല. കൊല്ലപ്പെട്ടവർക്ക് പ്രായമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments