തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ്. പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയുടെ നിലപാട് വന്നപ്പോൾ അതുയർത്തിപിടിക്കുകയാണ് ചെയ്തത്. ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ നിലപാട് വന്നിരുന്നുവെന്ന കാര്യം അറിയാതെയാണ് തന്റെ അഭിപ്രായം ആദ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പിന്നീടാണ് പാർട്ടിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടത്. ഈ സാഹചര്യത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് അറിയിക്കുന്നതാണ് ഉചിതമെന്ന് തോന്നി. പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന തന്റേതിനാക്കാൾ ആധികാരമാണ്. ഇതിന്റെ ഭാഗമായി ആദ്യം എഴുതിയ പോസ്റ്റ് കളഞ്ഞതാണെന്നും പിന്നീട് പാർട്ടി പറഞ്ഞ ഔദ്യോഗിക വിവരങ്ങൾ പോസ്റ്റ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഗവർണർക്കെതിരായ പോസ്റ്റ് പിൻവലിച്ചതായി അതിനെ കണക്കാക്കരുതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർക്ക് മൂന്ന് ഉപദേശങ്ങൾ നൽകുന്ന ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി. പോസ്റ്റ് പങ്കുവെച്ച് ഏതാനും മിനിട്ടുകൾക്കുള്ളിൽ അവ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത മന്ത്രി മണിക്കൂറുകൾ പിന്നിട്ടപ്പോൾ മറ്റൊരു പോസ്റ്റുമായി വരികയായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വിശദീകരണവുമായി എത്തിയത്.
Comments