32 ഏക്കർ ഭൂമി ; രജിസ്റ്റർ ചെയ്തിരിക്കുന്നത് കുരങ്ങന്മാരുടെ പേരിൽ ; വിവാഹങ്ങളിൽ പ്രത്യേക പരിഗണന ; അതിശയിക്കും ഈ ഗ്രാമത്തെപറ്റി അറിഞ്ഞാൽ

Published by
Janam Web Desk

സ്വന്തമായി 5 സെന്റ് ഭൂമി ഏവരുടെയും സ്വപ്നമാണ് . ഒരുപാട് കഷ്ടപ്പെട്ടാണ് പലരും ആ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നത് . ഇനി ആ വസ്തുവിൽ ആരെങ്കിൽ കയ്യേറ്റം നടത്തിയാൽ പിന്നെ അവിടെ ഉണ്ടാകുന്നത് വലിയ അതിർത്തി തർക്കങ്ങളാണ്. എല്ലാം പോട്ടെ വല്ല മൃഗങ്ങൾ വന്ന് കിടന്നാലോ അതിനെയും നാം എറിഞ്ഞ് ഓടിക്കും. ഇവിടെയാണ് മഹാരാഷ്‌ട്രയിലെ ഒസ്മാനാബാദ് ജില്ലയെ പറ്റി അറിയേണ്ടത്. കുരങ്ങന്മാർക്കായി 32 ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തു നൽകിയിരിക്കുന്നത്. സ്വന്തം പേരിൽ ഏക്കർ കണക്കിന് ഭൂമി എന്ന ബഹുമതി ഈ നാട്ടിലെ കുരങ്ങന്മാർക്ക് സ്വന്തം.

ഒസ്മാനാബാദിലെ ഉപ്ല ഗ്രാമത്തിലെ ആളുകൾ കുരങ്ങന്മാരെ വളരെ പ്രധാനമുള്ള ഒരു വർഗ്ഗമായാണ് കാണുന്നത്. വീടുകളിൽ എത്തുന്ന കുരങ്ങന്മാർക്ക് ഇവിടുള്ളവർ ആഹാരം നൽകുന്നു. ഇവയ്‌ക്കെല്ലാം പുറമെ ചില സമയങ്ങളിൽ വിവാഹങ്ങളിൽ പോലും കുരങ്ങന്മാരെ നാട്ടുകാർ പങ്കെടുപ്പിക്കുന്നു.

ഭൂമി കുരങ്ങുകളുടേതാണെന്ന് രേഖകൾ ഉണ്ടെങ്കിലും ആരാണ് ഇത്തരത്തിലോരു നടപടി കൊണ്ടുവന്നതെന്ന് ഇന്നും വ്യക്തമല്ല. പഴയകാലങ്ങളിൽ ഗ്രാമത്തിൽ നടന്ന ചില ചടങ്ങുകളുടെ ഭാഗമായിരുന്നു കുരങ്ങുകൾ എന്ന് ഗ്രമത്തലവൻ ബാപ്പ പദ്വാൾ പറഞ്ഞു.

ഏകദേശം 100 ഓളം കുരങ്ങുകൾ ഇപ്പോൾ ഗ്രാമത്തിൽ ഉണ്ട്. ഒരിടത്ത് സ്ഥിരമായി നിൽക്കാത്തതിനാൽ ഇപ്പോൾ അവയുടെ എണ്ണം കുറഞ്ഞു വരികയാണ്. മുൻപ് ഗ്രാമങ്ങളിൽ കല്യാണങ്ങൾ നടക്കുമ്പോൾ കുരങ്ങന്മാർക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. അതിനുശേഷം മാത്രമേ ചടങ്ങ് ആരംഭിക്കുകയുള്ളൂ. ഗ്രാമീണർ ആരും അവർക്ക് ഭക്ഷണം നിഷേധിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment