അഹമ്മദാബാദ്; ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡിഫ് എക്സ്പോ ’22 പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയ്‌ക്കായി ബഹിരാകാശ സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുളള ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും ഉൾപ്പെടെ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന പരിപാടികളാണ് എക്‌സ്‌പോയുടെ ഭാഗമായി നടക്കുക.
”അഭിമാനത്തിലേക്കുള്ള പാത” എന്ന ആശയത്തിൽ നടക്കുന്ന എക്സ്പോയിൽ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യൻ പ്രതിരോധ പ്രദർശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുക. ഇന്ത്യൻ കമ്പനികൾക്ക് മാത്രമായി നടത്തുന്ന പ്രതിരോധ പ്രദർശനവും എക്‌സ്‌പോയുടെ മുഖ്യ ആകർഷണമാകും. വിദേശത്ത് നിന്നുളള ഒറിജനൽ എക്യുപ്‌മെന്റ് മാനുഫാക്ചറിംഗ് കമ്പനികളുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡിവിഷൻ, ഇന്ത്യൻ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദർശകർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ അണിനിരക്കുക.
ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമാണ് പ്രദർശനത്തിൽ ഉളളത്. ഇന്ത്യാ പവലിയനിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത പരിശീലന വിമാനമായ എച്ച്ടിടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിനെ പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വ്യവസായവും സ്റ്റാർട്ടപ്പുകളും വഴി ബഹിരാകാശ മേഖലയിൽ പ്രതിരോധ സേനയ്‌ക്ക് നൂതനാശയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മിഷൻ ഡിഫ് സ്പേസിനും പ്രധാനമന്ത്രി തുടക്കം കുറിയ്‌ക്കും. പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥൻ 2022ൽ നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കും. ഗുജറാത്തിലെ ദീസ എയർഫീൽഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം മുൻനിർത്തി സമാധാനം, വളർച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്രമേഖലാ രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ ചർച്ചകൾക്ക് വേദിയൊരുക്കുന്ന 2-ാമത് ഇന്ത്യൻ മഹാസമുദ്ര മേഖല കോൺക്ലേവ്വും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.
















Comments