പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യറാക്കി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകവുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പ്രതികളുടെ പശ്ചാത്തലം പോലീസ് പരിശോധിച്ച് വരികയാണ് പോലീസ്. ഇതിനായി ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020-ലെ ജയിൽവാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തൽ. ആഭിചാര കേസുകളിലും ദുർമന്ത്രവാദത്തിന്റെയും പേരിൽ അറസ്റ്റിലായവർ ജയിലിൽ ഷാഫിയ്ക്കൊപ്പം ഉണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പീഡിപ്പിച്ച് കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയേക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഇന്നും തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
Comments