ലക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിൽ ചോദ്യ പേപ്പർ വിവാദത്തിൽ. ഹോട്ടൽ മാനേജ്മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദത്തിലായത്. വിവിധ തരത്തിലുള്ള പശു മാംസത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടുള്ള ചോദ്യമാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായത്.
ഫുഡ് പ്രൊഡക്ഷൻ ഓപ്പറേഷൻ എന്ന വിഷയത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷ നടന്നത്. ഇതിൽ 15 മാർക്കിന്റെ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് കണ്ട വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ കരുതികൂട്ടിയാണ് ഇങ്ങനെയൊരു ചോദ്യം ഉൾപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ സർവ്വകലാശാല വിസിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അടുത്തിടെയായി ചില അദ്ധ്യാപകർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഹിന്ദു വിരുദ്ധ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു ചോദ്യം ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയത്. ഇത്തരം ചോദ്യങ്ങൾ പശുക്കളുടെ കശാപ്പിന് പ്രോത്സാഹനം നൽകുക മാത്രമല്ല
മറിച്ച് സർവ്വകലാശാലയുടെ സ്ഥാപകൻ മദൻ മോഹൻ മാളവ്യയെ അപമാനിക്കുന്നത് കൂടിയാണെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ എതിർത്തിരുന്ന മദൻ മോഹൻ മാളവ്യ അവയെ സംരക്ഷിക്കുന്നതിനാണ് ജീവിതകാലം മുഴുവൻ ചിലവഴിച്ചിരുന്നതെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
Comments