ആലപ്പുഴ: വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസുകാരുടെ അതിക്രമം വർദ്ധിക്കുന്നു. ബസിൽ കയറും മുൻപ് വാതിലടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്. പ്ലസ്ടു വിദ്യാർത്ഥി ദേവരാജിനാണ് പരിക്കേറ്റത്. സ്കൂൾ വിട്ട ശേഷം മറ്റ് കുട്ടികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൽ കയറിയയുടൻ ഓട്ടോമാറ്റിക് വാതിൽ അടയുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയിൽ ദേവരാജിന്റെ താടിയ്ക്കും നെറ്റിയ്ക്കും ഇടത് ചെവിയ്ക്കും പരിക്കേറ്റു. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ആഴ്ചയിലും സമാന സംഭവമുണ്ടായിരുന്നു. സമാനമായ രീതിയിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബസിൽ നിന്ന് വീണിരുന്നു.
വിദ്യാർത്ഥികൾ കൂട്ടമായി എത്തുമ്പോൾ ബസ് പലപ്പോഴും നിർത്താറില്ലെന്ന് കുട്ടികൾ പറഞ്ഞു. വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ചില ബസുകൾ റൂട്ട് മാറ്റിയൊടുന്നതായും പരാതിയുണ്ട്. സ്കൂൾ പരിസരത്ത് പോലീസിന്റെ അഭാവമുള്ളതിനാലാണ് സ്വകാര്യ ബസുകൾ നിയമ ലംഘനം നടത്തുന്നത്.
Comments