പാലക്കാട്: നെന്മാറയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തു. വിത്തിനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ (35) കൊലപ്പെടുത്തി ജീവനൊടുക്കിയത്.
മകന്റെ മരണം ഉറപ്പാക്കിയ ശേഷമായിരുന്നു ബാലകൃഷ്ണൻ തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടുത്ത പ്രമേഹ രോഗിയായ മകനെ നോക്കാൻ ബുദ്ധിമുട്ടായതിനാലാണ് പിതാവ് ഇത് ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. മകന് പ്രമേഹമുണ്ടായിരുന്നതിനാൽ കാലിൽ വ്രണങ്ങൾ കൂടുതലായിരുന്നു. ഇന്ന് രാവിലെ വീടിന് പുറത്തേക്ക് ആരെയും കാണാതായപ്പോൾ നാട്ടുകാർ വന്നുനോക്കിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
ബാലകൃഷ്ണന്റെ ഭാര്യയും മകൻ മുകുന്ദന്റെ ഭാര്യയും നേരത്തെ മരിച്ചിരുന്നു. ഏകമകളെ വിവാഹം കഴിപ്പിച്ച് അയച്ചു. ബാലകൃഷ്ണന്റെ ഒരു സഹോദരൻ മാറി താമസിക്കുകയാണ്. 65-കാരനായ ബാലകൃഷ്ണന് മകനെ ഒറ്റയ്ക്ക് പരിചരിക്കാൻ ബുദ്ധിമുട്ടാണെന്ന് പലപ്രാവശ്യം ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments