കണ്ണൂർ: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. കണ്ണൂർ വടക്കേ പൊയ്ലൂരാണ് സംഭവം. അമ്മയുടെ രണ്ട് കൈകളാണ് മകൻ വെട്ടിയത്. ജാനുവിനെ മകൻ നിഖിൽരാജാണ് വെട്ടിയത്. അതേസമയം അമ്മയ്ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
ഏറെ പ്രായമുള്ള അമ്മയെയാണ് മകൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസായിരുന്നു അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നാണ് അമ്മയുടെ പ്രതികരണം. ഈ സാഹചര്യത്തിൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം അമ്മയുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ ഡിസ്ചാർജ് നേടിയ ഇവർ വീട്ടിൽ വിശ്രമിക്കുകയാണ്.
പൂർണമായും ലഹരിക്കടിമയായ മകൻ ആക്രമണത്തിന് മുതിരുന്നത് ആദ്യമായിട്ടായിരുന്നില്ല. ഇതിന് മുമ്പും അമ്മയെ നിഖിൽ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മകൻ സ്വയം പരിക്കേൽപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് അമ്മ പറയുന്നു. ബാറുകളിൽ എത്തി പലപ്പോഴും അടിപിടിക്കേസുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവിലാണ് ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് കൊടുവാൾ ഉപയോഗിച്ച് സ്വന്തം അമ്മയെ യുവാവ് വെട്ടിയത്.
Comments