എറണാകുളം : സ്വർണ്ണ വില വീണ്ടും ഇടിവിലേക്ക് . ദീപാവലി പ്രമാണിച്ച് സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകികൊണ്ടാണ് സ്വർണ്ണ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ്ണ വില ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി.
രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞ് പവന് 37,080 രൂപയിലും ഗ്രാമിന് 4,635 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്.
അതേസമയം ദീപാവലി അടുത്തതോടെ സ്വർണ്ണ വിലയിൽ വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ . രാജ്യാന്തര വിപണിയിൽ അമേരിക്കൻബോണ്ട് യീൽഡിലെ മുന്നേറ്റമാണ് വിലയിൽ ഇടിവ് വരാൻ കാരണമായത്. തുടർചലനങ്ങൾ അനുസരിച്ച് വിലയിൽ ഇനിയും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ദീപാവലിയോട് അനുബന്ധിച്ചുള്ള ധൻതേരാസ് ദിനത്തിൽ സമ്പത്തിന്റെ ദേവനായ കുബേരനെയും ലക്ഷി ദേവിയെയും വിശ്വാസികൾ ആരാധിക്കുന്നു. അതിനാൽ തന്നെ ഈ ദിനത്തിൽ സ്വർണ്ണവും വെള്ളിയും പാത്രങ്ങളും വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ ധൻതേരാസ് ദിവസം ഒക്ടോബർ 23 നാണ്. അതിനാൽ തന്നെ സ്വർണ്ണ വിലയിൽ വന്ന കുറവ് ആളുകൾക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്.
Comments