പാലക്കാട്: മതഭീകരവാദ കേസിൽ എൻഐഎ തിരയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ വീട്ടിൽ റെയ്ഡ്.പാലക്കാട് പട്ടാമ്പിയിലെ വീട്ടിലാണ് റെയ്ഡ്.റൗഫ് ഇവിടെ എത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.എന്നാൽ റൗഫിനെ കണ്ടെത്താനായില്ല. റൗഫ് കേരളത്തിൽ തന്നെ ഒളിവിൽ കഴിയുന്നുവെന്ന സൂചന എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു.
കോഴിക്കോടും കളമശ്ശേരിയിലും റൗഫ് എത്തിയതായി എൻ ഐ എയ്‌ക്ക് സൂചന ലഭിച്ചിരുന്നു.നിരോധനം നിലവിൽ വന്നിട്ടും ഒളിവിലിരുന്ന് റൗഫ് സംഘടനയെ നിയന്ത്രിക്കുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു. അത് കൊണ്ട് കേരളത്തിൽ തന്നെയാണ് റൗഫിന്റെ ഒളിത്താവളമെന്നാണ് വിലയിരുത്തൽ. രാജ്യവിരുദ്ധപ്രവർത്തനം,സോഷ്യൽ മീഡിയ വഴി യുവാക്കളെ ഭീകരസംഘടനയിലേക്ക് എത്തിക്കുക, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ റൗഫും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും ഏർപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. കേസിൽ 12 ാം പ്രതിയാണ് റൗഫ്.
പിഎഫ്‌ഐ റെയ്ഡിനിടെയാണ് റൗഫ്, അബ്ദുൾ സത്താറിനൊപ്പം ഒളിവിൽപ്പോയത്. അബ്ദുൾ സത്താർ പിടിയിലായതിന് ശേഷവും റൗഫ് ഒളിവിൽ കഴിയുകയാണ്.ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിക്കുന്നത്.
ഇന്നലെ അബ്ദുൾ സത്താറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തൃശൂർ പാവറട്ടി പോലീസാണ് സത്താറിനെ കസ്റ്റഡിയിൽ എടുത്തത്.
Comments