കണ്ണൂർ: കണ്ണൂർ പാനൂരിന് സമീപം വള്ള്യായിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിന് കാരണം പ്രണയപ്പകയെന്നാണ് സൂചന. കണ്ണച്ചാംകണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ എന്ന 23കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീടിന് സമീപം മുഖംമൂടിയും തൊപ്പിയും ബാഗും ധരിച്ചയാളെ കണ്ടുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. വീട്ടിനകത്തെ കിടപ്പുമുറിയിലായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു. മൃതശരീരത്തിൽ മറ്റ് മുറുവുകളുമുണ്ടെന്ന് പോലീസ് പഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ വടക്കെ പെയ്‌ലൂരിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ലഹരി വാങ്ങാൻ പണം നൽകാതിരുന്നതിനെ തുടർന്നാണ് മകൻ അമ്മയെ വെട്ടിയത്. പ്രായമായ അമ്മയുടെ ഇരുകൈകളിലുമാണ് മകൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ അമ്മയ്‌ക്ക് പരാതിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും യുവാവ് പരിസരവാസികൾക്ക് ഭീഷണിയാണെന്ന് നാട്ടുകാർ അറിയിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് ലഹരിക്കടിമയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.















