പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാവിനെ മൂന്നാഴ്ചയായി കാണാതായതായി പരാതി. തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണു (31)വിനെയാണ് ജൂൺ 30 മുതൽ കാണാതായത്. ജൂൺ 28-നാണ് വിഷ്ണു ആറു സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്. ഇവർ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്ന് ജൂൺ 30-നാണ് വിഷ്ണു അപ്രത്യക്ഷനാകുകയായിരുന്നു. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
വിഷ്ണുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. സംഭവത്തിൽ കൊടൈക്കനാൽ പൊലീസിലും പാലക്കാട് കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. എന്നാൽ, മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിഷ്ണുവിനെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരവും ശക്തവുമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിലോ കുടുംബാംഗങ്ങളെയോ അറിയിക്കണമെന്നും ബന്ധുക്കൾ അഭ്യർഥിച്ചു.















