തൃശൂർ: കയ്പമംഗലത്ത് യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. ലഹരിക്കടത്തിലെ മുഖ്യകണ്ണി ഒല്ലൂർ സ്വദേശി അരുണാണെന്ന് പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയെ സമീപിക്കും.
150ഓളം വിദ്യാർത്ഥികളായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ടത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണിവർ. ഇവരിൽ പെൺകുട്ടികളുമുണ്ട്. 15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജിനേഷ്, വിഷ്ണു എന്നിവരുടെ പക്കൽ നിന്നും വിദ്യാർത്ഥികളുടെ ലിസ്റ്റ് പോലീസ് കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് കടമായി വാങ്ങിയവരുടെ പട്ടികയായിരുന്നു ഇത്. എല്ലാവരും 17നും 25നും പ്രായമുള്ളവരാണെന്ന് പോലീസ് കണ്ടെത്തി.
ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തിയ്യതി എന്നിവയും ഓരോരുത്തരും എത്ര രൂപ തന്നു, ഇനി തരാനുണ്ട് എന്നീ കാര്യങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഗൂഗിൾ പേ വഴി പണം നൽകിയവരെ പ്രത്യേകം രേഖപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ലഹരി ഇടപാടുകൾ നടത്തുന്നതിന് വേണ്ടി മാത്രം പ്രതിയുടെ പക്കൽ പ്രത്യേകം ഫോൺ ഉണ്ടായിരുന്നു. ഈ നമ്പർ വഴിയാണ് വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. ഫോൺ വിശദമായി പരിശോധന നടത്തി ഇടപാടിൽ പങ്കാളികളായ വിദ്യാർത്ഥികളെ കണ്ടെത്താനാണ് പോലീസ് നീക്കം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments