ശ്രീനഗർ: അഫ്ഗാൻ നിർമ്മിത മയക്കുമരുന്ന് ശേഖരവുമായെത്തിയ ട്രക്ക് ജമ്മു കശ്മീർ പോലീസ് പിടിച്ചെടുത്തു. 100 കോടി രൂപ വിലമതിക്കുന്ന 21 കിലോ ഹെറോയിനാണ് പോലീസ് കണ്ടെടുത്തത്. ഉധംപൂരിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് 18 പായ്ക്കറ്റ് മയക്കുമരുന്നുമായെത്തിയ ട്രക്ക് പിടിച്ചെടുത്തത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അഫ്ഗാൻ നിർമ്മിത ലഹരി വസ്തുവാണ് കണ്ടെടുത്തതെന്നും ഇവ പഞ്ചാബിൽ വിതരണം ചെയ്യാൻ ആയി ഉറിയിൽ നിന്ന് എത്തിച്ചതാണെന്നുമാണ് പ്രാഥമിക വിവരം. ട്രക്ക് ഡ്രൈവറിന്റെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
അതിർത്തി കടന്ന് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത് വ്യാപകമായിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീർ പോലീസ് അഞ്ച് കിലോ മയക്കുമരുന്നും പിസ്റ്റളും രണ്ട് മാഗസിനുകളും കണ്ടെടുത്തിരുന്നു. അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും എത്തിക്കാൻ ശ്രമിച്ച അഞ്ച് പ്രതികളെ പൂഞ്ച് ജില്ലയിൽ നിന്നുമാണ് പിടികൂടിയത്. ഡ്രോൺ വഴിയും മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നു.
Comments