കോഴിക്കോട്: പ്രഭാതനടത്തത്തിനിടെ കടിച്ചുപരിക്കേൽപ്പിച്ച നായയെ യുവാവ് പിടിച്ചുകെട്ടിയ സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പന്തീരങ്കാവ് പുന്നയൂർക്കുളം സ്വദേശി അബ്ദുൾ നാസറാണ് കടിച്ച നായയെ ശക്തമായി പ്രതിരോധിച്ച് കീഴടക്കിയത്. എന്നാലിപ്പോൾ നാസറിനെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ് അധികൃതർ. നാസറിനെ കടിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നായ ചത്തിരുന്നു.
പ്രദേശവാസിയുടെ വളർത്തുനായ ആയിരുന്നു നാസറിനെ കടിച്ചത്. നാസറിനെ കൂടാതെ നായയുടെ ഉടമയ്ക്കും നേരത്തെ കടിയേറ്റിരുന്നു. നാസറിന് കടിയേറ്റ ദിവസം അതിസാഹസികമായി അദ്ദേഹം നായയെ കീഴ്പ്പെടുത്തിയില്ലായിരുന്നെങ്കിൽ തൊട്ടുപിന്നാലെ കൂടുതൽ പേർക്ക് കടി കിട്ടുമായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം..
ഇപ്പോൾ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നായയുമായി അടുത്തിടപഴകിയ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതായി വരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നാസർ നായയെ കീഴ്പ്പെടുത്തിയപ്പോൾ സഹായത്തിനായി നാട്ടുകാരും എത്തിയിരുന്നു. ഈ ഘട്ടത്തിൽ നായയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ പ്രദേശവാസികളും കുത്തിവെപ്പ് സ്വീകരിക്കേണ്ടതായി വരും.
Comments