മെൽബൺ : ആവേശം വാനോളം ഉയർന്ന അവസാനപന്തിൽ ജയം പിടിച്ചെടുക്ക പോരാട്ടത്തിന്റെ മികവ് വിരാട് കോഹ്ലിയ്‌ക്ക് സമ്മാനിച്ച് ഹാർദ്ദിക് പാണ്ഡ്യ. ഏറെ പണിപ്പെട്ട് നേടിയ വിജയമാണെന്നും എല്ലാവരും ചേർന്ന് നേടിയതാണ് ഈ നിർണ്ണായക വിജയമെന്നുമാണ് ഓൾറൗണ്ടറുടെ വിലയിരുത്തൽ. മത്സരശേഷം കായിക മാദ്ധ്യമങ്ങൾക്ക് മുന്നിൽ മനസ്സുതുറക്കുകയായിരുന്നു വിരാടും ഹാർദ്ദിക്കും.
‘ ഇത് വലിയ ആത്മവിശ്വാസം നൽകുന്ന വിജയമാണ്. ഈ വിജയം ഞങ്ങളേറെ പണിപ്പെട്ട് നേടിയതാണ്. എല്ലാവരും ഒരുമിച്ച് ജയം പിടിച്ചെടുത്തു. കോഹ്ലി, താങ്കളുടെ പരിശ്രമം എന്തുകൊണ്ടും വേറിട്ടുനിൽക്കുകയാണ്. വളരെ എളുപ്പ ത്തിൽ ജയിച്ചിരുന്നെങ്കിൽ വിജയത്തിന് ഇത്രയേറെ ആവേശമോ മധുരമോ ഉണ്ടാവില്ലായിരുന്നു. ഏറെ ബുദ്ധിമുട്ടി വിയർപ്പൊഴുക്കി നേടിയ ഈ നേട്ടം എന്നും ഓർക്കപ്പെടും. പാകിസ്താനേയും പ്രശംസിക്കാതെ വയ്യ. അത്ര മികച്ച ബൗളിംഗ് നിരയാണ് അവരുടേത്. അവസാന പന്ത് വരെ എല്ലാ പരിശ്രമവും അവരും നടത്തി.’ മത്സരത്തെ വിലയിരുത്തിക്കൊണ്ട് കോഹ്ലിയോട് ഹാർദ്ദിക് പറഞ്ഞു.
വിരാടിന്റെ പുറത്താകാതെയുള്ള 82 റൺസ് എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ഹാർദ്ദിക്കിനൊപ്പമുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് 4 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ഉശിരൻ തിരിച്ചു വരവായി മാറിയത്. ബൗളിംഗിൽ നിർണ്ണായകമായ മൂന്ന് മധ്യനിര വിക്കറ്റുകൾ വീഴ്‌ത്തിയ പാണ്ഡ്യ ബാറ്റിംഗിൽ നേടിയ 40 റൺസ് അതീവ നിർണ്ണായകമായി മാറി. 19-ാം ഓവറിൽ കോഹ്ലി നടത്തിയ പോരാട്ടവും അഞ്ചും ആറും പന്തിൽ നേടിയ സിക്‌സറുകളും ഇന്ത്യയുടെ സമ്മർദ്ദത്തെ ഇല്ലാതാക്കി.
അവസാന മൂന്ന് ഓവറിൽ 48 റൺസ് അടിച്ചെടുത്തുകൊണ്ട് കോഹ്ലിയും ഹാർദ്ദികും നടത്തിയ പോരാട്ടം ഇന്ത്യയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ലോക റെക്കോഡ് പ്രകടനമായിരിക്കുകയാണ്. ഇതിനൊപ്പം അവസാന ഓവറിലെ അവിശ്വസനീയമായ അബദ്ധങ്ങളും പുറത്താകലും ജയവും കളി ആരാധകരെ മുൾമുനയിൽ നിർത്തുകയും ചെയ്തു. വൈഡായി ഒരു റണ്ണും ഒരു അധിക പന്തും ലഭിക്കുമായിരുന്ന പന്തിനെ തൊട്ടതാണ് ദിനേശ് കാർത്തിക് സ്റ്റംപ് ഔട്ടായി പുറത്താകാൻ കാരണം. എന്നാൽ തുടർന്നെത്തിയ അശ്വിൻ അതേ സാഹചര്യത്തെ നേരിട്ട രീതി അന്താരാഷ്‌ട്ര ക്രിക്കറ്റ് പുസ്തകത്തിലെ മികച്ച തന്ത്രമായി എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു.
അഞ്ചാമത്തെ പന്തിനെ തൊടാതെ വൈഡ് റൺ സമ്പാദിച്ച അശ്വനിന്റെ ബുദ്ധിയെ കളി വിദഗ്ധർ പോലും ട്വിറ്ററിലൂടെ വലിയ രീതിയിലാണ് പ്രശംസി ച്ചിരിക്കുന്നത്. ഒപ്പം അവസാന പന്തിൽ യാതൊരു സമ്മർദ്ദവുമില്ലാതെ വിജയ റൺ നേടിയ അശ്വിന്റെ സമചിത്തത ഏറെ ആരാധക പ്രശംസ നേടിക്കഴിഞ്ഞു.















