തിരുവനന്തപുരം: നാല് മാദ്ധ്യമങ്ങൾക്ക് ഗവർണറുടെ പ്രത്യേക വാർത്താ സമ്മേളനത്തിൽ വിലക്കി രാജ്ഭവൻ. ചില മാദ്ധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്ത കൊടുത്തുവെന്നും തിരുത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാണിച്ചു. ഇതിനാലാണ് ചില മാദ്ധ്യമങ്ങളെ ഒഴിവാക്കിയതെന്ന് ഗവർണർ വ്യക്തമാക്കി. രാവിലെ മാദ്ധ്യമങ്ങളോട് നിലപാട് ഗവർണർ വ്യക്തമാക്കിയിരുന്നു. സിപിഎം കേഡറുകളായി പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളോട് പൊതുവിൽ സംസാരിക്കുന്നില്ലെന്നും ആവശ്യമുള്ള മാദ്ധ്യമങ്ങൾ രാജ്ഭവനെ സമീപിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.
അനുമതി ചോദിച്ച കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയ വൺ എന്നീ മാദ്ധ്യമങ്ങൾക്കാണ് രാജ്ഭവൻ പ്രവേശനം നിഷേധിച്ചത്. രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ വാർത്ത നൽകുകയുണ്ടായി. രാജ് ഭവൻ പിആർഒ ആവശ്യപ്പെട്ടിട്ടും തിരുത്താൻ അവർ തയ്യാറായില്ല. അതുകൊണ്ടാണ് ചില മാദ്ധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആണ് ഗവർണർ വ്യക്തമാക്കിയത്.
മാദ്ധ്യമങ്ങളോട് താൻ എക്കാലവും ബഹുമാനത്തോടെയാണ് നിലപാട് എടുത്തിട്ടുള്ളത്. മാദ്ധ്യമങ്ങളോട് തനിക്കൊരു പ്രശ്നമില്ല. തനിക്ക് പ്രശ്നമുള്ളത് മാദ്ധ്യമ പ്രവർത്തകർക്കിടയിലെ സിപിഎം കേഡറുകളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ മാദ്ധ്യമങ്ങളോടുള്ള തന്റെ പെരുമാറ്റം ശരിയായ തരത്തിലല്ല എന്ന് വിലയിരുത്തരുതെന്നും ഗവർണർ പറഞ്ഞു.
Comments