തിരുവനന്തപുരം; സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. സ്വപ്‌ന സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾക്കൊപ്പം വിലകൂടിയ മദ്യ കുപ്പിയുടെ ചിത്രവും പുറത്തു വന്നിരുന്നു. ഇതിനെ ഉയർത്തികാട്ടിയാണ് ജയശങ്കറിന്റെ പരിഹാസം. സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ നിഷേധിച്ചതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വപ്ന സുരേഷ് തെളിവുകൾ പുറത്തു വിട്ടത്.
മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?. സഖാവ് ഇ.പി ജയരാജൻ ജനറൽ മാനേജർ ആയിരുന്ന കാലത്ത് ദേശാഭിമാനി പത്രത്തിന് രണ്ടു കോടി രൂപ കൈവായ്പ തന്നു സഹായിച്ച സഖാവാണ് സാൻ്റിയാഗോ മാർട്ടിൻ. മാദ്ധ്യമ സിൻഡിക്കേറ്റുകാർ അന്ന് പല അപവാദവും പറഞ്ഞു പരത്തി. പക്ഷെ പാർട്ടി കുലുങ്ങിയില്ല. രണ്ടു കോടി വാങ്ങിയത് ബോണ്ടാണെന്ന് സഖാവ് ഇപി വിശദീകരിച്ചു. പാർട്ടി അത് അംഗീകരിച്ചു, സഖാക്കൾ വിശ്വസിച്ചു.
സാൻ്റിയാഗോ മാർട്ടിന്റെ വകയിൽ ഒരമ്മാച്ചന്റെ മകനാണ് സഖാവ് റെമി മാർട്ടിൻ എന്ന് സഖാവ് ശ്രീരാമകൃഷ്ണൻ വിശദീകരിക്കും, പാർട്ടി അതും അംഗീകരിക്കും. സഖാക്കൾ വിശ്വസിക്കും എന്നാണ് ജയശങ്കർ പരിഹസിച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചത്. ന്യൂയോർക്കിൽ ഒന്നേമുക്കാൽ ലിറ്റർ റെമി മാർട്ടിന് ഇന്ന് വില 117 ഡോളറാണ്. പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ എന്ന് ജയശങ്കർ വിമർശിച്ചു.
Comments