ഇസ്ലാമാബാദ്: ചൈനയിൽ ഷീ ജിൻ പിംഗ് മൂന്നാം തവണയും ഭരണമേറ്റെടുത്തിന്റെ ആഹ്ലാദം പങ്കുവെയ്‌ക്കാൻ ഒരുങ്ങി പാകിസ്താൻ. ഷീ യെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ബീജീംഗിലേയ്‌ക്ക് പോകുന്നത്. ഇതാദ്യമായാണ് പാകിസ്താൻ പ്രധാനമന്ത്രി ആയ ശേഷം ഷെഹബാസ് ചൈന സന്ദർശിക്കുന്നത്.
ഏകാധിപതിയെന്ന നിലയിലേയ്‌ക്ക് ഷീ ജിൻ പിംഗിന്റെ പാർട്ടിയിലെ സ്ഥാനം ഉറപ്പിച്ച രാഷ്‌ട്രീയ നീക്കങ്ങളാണ് ചൈനയിൽ നടന്നത്. പാർട്ടിയുടെ ആജീവനാന്ത നേതാവായും ഷീ അവരോധിക്കപ്പെട്ടതോടെ ഇനി മാവോ സേ തുംഗിന് ശേഷം മരണംവരെ പ്രസിഡന്റായി തുടരാൻ ഷീ യ്‌ക്ക് സാധിക്കുമെന്ന അവസ്ഥയാണുള്ളത്.
പാകിസ്താനെ സഹായിക്കുക വഴി വൻതോതിൽ പ്രകൃതി വിഭവങ്ങളും പടിഞ്ഞാറൻ തുറമുഖത്തേയ്‌ക്ക് നേരിട്ടുള്ള ബന്ധവുമാണ് വാണിജ്യ പരമായി ചൈനയുടെ ലക്ഷ്യം. കനത്ത സാമ്പത്തിക കുരുക്കിൽ പാകിസ്താനെ പെടുത്തിയിരിക്കുന്ന ചൈന ബോർഡർ റോഡ് ഇനീഷ്യേറ്റീവ് വഴി ഇന്ത്യയെ വളഞ്ഞുപിടിക്കുന്ന അതിർത്തി പ്രതിരോധ തന്ത്രവും പയറ്റുകയാണ്.
ഇമ്രാൻ ഭരണത്തിൽ വിദേശബന്ധവും സാമ്പത്തിക ബന്ധവും തകർന്ന പാകിസ്താൻ ഈ മാസം ആദ്യമാണ് അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണ കുരുക്കിൽ നിന്നും ഒരുവിധം തലയൂരിയത്. ഇനി അന്താരാഷ്‌ട്ര സഹായം ലഭിക്കുമെന്നത് ഒരു പരിധിവരെ ചൈനയുടെ പലിശ കൊടുത്തുതീർക്കാൻ ഉപയോഗപ്പെടുമെന്ന ആശ്വാസമാണുള്ളത്. എന്നാൽ എല്ലാ വൻകിട പദ്ധതികളും ചൈന പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്.
കടുത്ത ഭീകരാക്രമണ ഭീതിമൂലം പല ചൈനീസ് എഞ്ചിനീയർമാരും പാകിസ്താനിലേയ്‌ക്ക് എത്താൻ മടിക്കുന്നുവെന്നതും വലിയ തലവേദനയാണ്. ചൈന ലാഹോറിൽ പണിത കൺഫ്യൂഷ്യസ് സർവ്വകലാശാലയുടെ കവാടത്തിൽ ബലൂച് ചാവേർ പൊട്ടിത്തെറിച്ചതിന് ശേഷം ഇന്നേവരെ ഒരു ചൈനീസ് അദ്ധ്യാപകനും അവിടെ തിരികെ പഠിപ്പിക്കാൻ എത്തിയിട്ടില്ലെന്നതും പാകിസ്താനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments