ഒന്ന് വെല്ലുവിളിച്ചു; സെൽഫിയും കുപ്പിയുമടക്കം പുറത്ത്; കടകവും ഓതിരവും പറഞ്ഞ് കടകംപള്ളിയും

Published by
Janam Web Desk

സിപിഎം നേതാക്കൾ നടത്തിയ വെല്ലുവിളികളൊക്കെ വെള്ളത്തിൽ വരച്ച വരപോലെ ആയി പോയിരിക്കുന്നു. തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനുമൊക്കെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെങ്കൊടിയുടെ നിറമുള്ള മാർക്കർ വച്ച് അടിവരയിട്ട് വെല്ലുവിളിച്ചപ്പോൾ സെൽഫിയും കുപ്പിയുമടക്കം പുറത്തു വരുമെന്ന് സ്വപ്നത്തിൽ പോലും സിപിഎം നേതാക്കൾ ചിന്തിച്ചിട്ടുണ്ടാവില്ല. ‘ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോൾ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുന്നു’ എന്ന് ഫെയ്സ്ബുക്കിൽ ശ്രീരാമകൃഷ്ണൻ ‌എഴുതിയതിന് പിന്നാലെ നേതാവിനെ വെളുപ്പിക്കാൻ ബക്കറ്റു നിറയെ കുമ്മായവും കലക്കി സഖാക്കളും ഇറങ്ങി.

ശ്രീരാമകൃഷ്ണൻ ശുദ്ധനാണ്, സുശീലനാണ്. സധൈര്യമായി സഖാവെ മുന്നോട്ട് പോകണം, മാനനഷ്ടത്തിന് കേസ് നൽകണം എന്നൊക്കൊ പോസ്റ്റിന് താഴെ പോയി ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കി അടി മുതൽ മുടിവരെ നേതാവിന് അണികൾ ആവേശം പകർന്നു. എന്നാൽ, കിടന്നു കൊണ്ടുള്ള സെൽഫിയും അടിച്ചു കൊണ്ടിരുന്ന കുപ്പിയുമടക്കം സ്വപ്ന സുരേഷ് പുറത്തു വിട്ടു. സെൽഫി എടുക്കുന്നതിന് മുമ്പ് പാർട്ടിയിലെ യുവ ബുദ്ധിജീവിയും സെൽഫിയുടെ രാഷ്‌ട്രീയത്തിൽ പിഎച്ച്ഡിയും നേടിയ ചിന്താ ജേറോമിന്റെ ചിന്തകളെങ്കിലും ശ്രീരാമകൃഷ്ണന് ഓർക്കാമായിരുന്നു.

‘ഇത് സെൽഫികളുടെ കാലഘട്ടമാണ്. ഞാൻ എന്നിലേയ്‌ക്ക് തന്നെ ഒതുങ്ങണമെന്നു പറയുന്ന സ്വാർത്ഥതയുടെ രാഷ്‌ട്രീയമാണ് സെൽഫിയുടേത്’ എന്നിങ്ങനെയുള്ള ചിന്തയുടെ ചിന്തകളെ ചവറ്റുകൊട്ടയിൽ ഇട്ടിരിക്കുകയാണ് ശ്രീരാമകൃഷ്ണൻ. താൻ തന്നിലേയ്‌ക്ക് ഒതുങ്ങുകയല്ല, ചിലരിലേയ്‌ക്ക് പടരുകയാണ് ചെയ്തതെന്ന് ശ്രീരാമകൃഷ്ണൻ തെളിയിച്ചതോടെ ചിന്തയുടെ ചിന്തയ്‌ക്കുണ്ടായിരുന്ന ചന്തം ഇല്ലാതായി. സെൽഫിയുടെ രാഷ്‌ട്രീയം ഇനി ശ്രീരാമകൃഷ്ണൻ പഠിപ്പിക്കും. പക്ഷെ വെല്ലുവിളികൾ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. ശ്രീരാമകൃഷ്ണന് മാത്രമല്ല, തനിക്കും വെല്ലുവിളിക്കാൻ അറിയാമെന്ന് കാണിക്കാൻ കടകവും ഓതിരവും പറഞ്ഞ് കടകംപള്ളിയും കളത്തിലിറങ്ങി.

താൻ സ്വപ്നയുടെ തോളിൽ പിടിച്ചുകൊണ്ട് ഫോട്ടോ എടുത്തിട്ടില്ല. തെളിവുണ്ടെങ്കിൽ പുറത്തു വിടട്ടെ എന്നായിരുന്നു കടകംപള്ളിയുടെ വെല്ലുവിളി. കടകംപള്ളിക്ക് കുസൃതി അല്ലെങ്കിലും കുറച്ച് കൂടുതലാണ്. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ കോഴികൾ വരെ സമരത്തിലിറങ്ങി എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്തായാലും വെല്ലുവിളിച്ച സ്ഥിതിക്ക് കടകംപള്ളിക്ക് ഇനി എന്താണ് സംഭവിക്കുക എന്ന് കണ്ടറിയാം. എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിലായിരുന്നു മൂന്നാറിലെ മൂവന്തിയിൽ മുത്താരമായി മാറാൻ കൊതിച്ച മുൻ ധനമന്ത്രിയുടെ പ്രതികരണം. ബുദ്ധിയുള്ള ആരെങ്കിലും മൂന്നാറിലേയ്‌ക്ക് ക്ഷണിക്കുമോ എന്ന് ചോദിച്ചു കൊണ്ട് വളരെ പ്രസന്നവദനനായാണ് തോമസ് ഐസക്ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

 

സ്വപ്നയുടെ ആരോപണങ്ങളെ പൂർണ്ണമായി അദ്ദേഹം തള്ളിയില്ല. ഒരുപക്ഷെ ചോദിച്ചിട്ടുണ്ടാവാം എന്ന ലൈനായിരുന്നു നേതാവിന്റേത്. മൂന്നാറിലേയ്‌ക്ക് പോകാം എന്നു പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ കടകംപള്ളിയാക്കേണ്ട കാര്യമൊന്നുമില്ല. മൂന്നാറിലേയ്‌ക്ക് ക്ഷണിച്ചാൽ അതിൽ എന്താണ് തെറ്റ്. മൂന്നാറിന്റെ സൗന്ദര്യം ബോദ്ധ്യപ്പെടുത്തി ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്ടിപ്പെടുത്താനുമാണ് തോമസ് ഐസ്ക്ക് ശ്രമിച്ചതെന്ന് സഖാക്കൾക്ക് ന്യായീകരിക്കാം. കവിതകളിലൂടെ കഥ പറയുന്ന കുന്നപ്പിള്ളിയെ കോൺ​ഗ്രസ് ഇറക്കിയപ്പോൾ, മൂന്ന് ഇടത് ബുദ്ധി രാക്ഷസന്മാരെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇറക്കിയിക്കുന്നത്. എന്തായാലും, പീഡന തീവ്രത അളക്കുന്ന സിപിഎമ്മിന്റെ യന്ത്രം പൊടിപിടിച്ച് പോകില്ലെന്ന് ഉറപ്പായി. ഇക്കിളിപ്പെടുത്തുന്ന കുസൃതികളെ ന്യായീകരിക്കാനും വൈറ്റ് വാഷ് ചെയ്യാനും സഖാക്കൾ ഉള്ളിടത്തോളം കാലം നേതാക്കൾ അവരുടെ തെറ്റ് ഏറ്റു പറയുമെന്ന് ചിന്തിക്കേണ്ടതില്ല. പണ്ടത്തെ കാർന്നോർമാർ പറയുന്നതു പോലെ, ആസനത്തിൽ ആലു മുളച്ചാൽ അതും തണൽ.

Share
Leave a Comment