മലയാള സിനിമയിൽ ഗായകനായും, സംവിധായകനായും , അഭിനേതാവായുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിനീത് സിനിമാ മേഖലയ്ക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ താരത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിനീത് ഇട്ട പോസ്റ്റിൽ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലായി മാറുന്നത്.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീതിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്റിന് താഴെയാണ് ഒരു ആരാധകൻ വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തിൽ ഞാനാണ് നായകൻ എന്ന് പറയുന്നത് കേട്ടു ശരിയാണോ എന്ന് കമന്റ് ഇട്ടിരിക്കുന്നത്. ഞാനും കേട്ടു, വെറുതെ പറയുന്നതാ, മൈൻഡ് ചെയ്യണ്ടെന്നായിരുന്നു ഇതിന് മറുപടിയായി വിനീത് കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ രസകരമായ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന വിനീതിന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിംഗായിരിക്കുകയാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന.കോമഡിയാണോ ത്രില്ലർ ആണോ ചിത്രമെന്ന് സംശയം തോന്നുന്ന തരത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി വിനീത് ശ്രീനിവാസൻ നിറഞ്ഞാടുമെന്നാണ് ട്രെയ്ലർ തരുന്ന സൂചന. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Comments