ചെന്നൈ: പാർട്ടിയുടെ വിവാദ പരാമർശങ്ങൾക്ക് ക്ഷമാപണവുമായി ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും എംപിയുമായ കനിമൊഴി രംഗത്ത്. അഭിനയ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്ന ബിജെപി നേതാക്കളെക്കുറിച്ച് ഡിഎംകെ വക്താവ് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെയാണ് സ്വന്തം പാർട്ടിക്ക് വേണ്ടി ക്ഷമാപണവുമായി കനിമൊഴി രംഗത്തെത്തിയത്.
ഡിഎംകെ വക്താവ് സൈദായി സാദിഖായിരുന്നു വിവാദ പരാമർശം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്നതാണോ ഡിഎംകെയുടെ പുതിയ ദ്രാവിഡ മാതൃക എന്ന് ചോദിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ ട്വീറ്റ് ചെയ്തിരുന്നു. കനിമൊഴിയെ ടാഗ് ചെയ്തായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തത്. ഇതിനോട് പ്രതികരിക്കവെയാണ് ഡിഎംകെ എംപി കനിമൊഴി മാപ്പപേക്ഷിച്ചത്.
ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കനിമൊഴിയുടെ മറുപടി. ഇത് ആരുപറഞ്ഞാലും അംഗീകരിക്കാൻ സാധിക്കില്ല. ഞങ്ങളുടെ പാർട്ടിയും നേതാവ് സ്റ്റാലിനും ഇത്തരം സമീപനങ്ങൾ അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഡിഎംകെ വക്താവിന്റെ പരാമർശത്തിന് പരസ്യമായി മാപ്പ് ചോദിക്കുന്നതെന്നും കനിമൊഴി വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന വനിതയാണ് ഖുശ്ബു സുന്ദർ. ഒരുകാലത്ത് സിനിമാ രംഗത്ത് ഇവർ ഏറെ സജീവമായിരുന്നു. ഖുശ്ബുവിനെയും നടി നമിത, ഗായത്രി രഘുറാം, ഗൗതമി തുടങ്ങിയ ബിജെപി നേതാക്കളെയും ഐറ്റമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഡിഎംകെ വക്താവ് സംസാരിച്ചത്. ഡിഎംകെ പാർട്ടി നേതാക്കൾ നടത്തിയ പൊതുയോഗത്തിലായിരുന്നു ഈ പരാമർശമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. തുടർന്ന് വിവാദം കനത്തതോടെയാണ് ക്ഷമാപണവുമായി ഡിഎംകെ വനിതാ സെക്രട്ടറി രംഗത്തെത്തിയത്.
















Comments