എറണാകുളം: കനത്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. ഇതോടെ നഗരത്തിന്റെ പലഭാഗത്തും രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഉച്ച മുതൽ ശക്തമായ മഴയാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.
എംജി റോഡിൽ കടകളിൽ വെള്ളം കയറി. ഓടകൾ നിറഞ്ഞു. ഇതോടെയാണ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. കടവന്ത്ര, പനമ്പള്ളി നഗർ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇടറോഡുകളിൽ വെള്ളം കയറി. കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. കേരളത്തിൽ തുലാവർഷം എത്തിയതാണ് നിലവിൽ സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്.
അതേസമയം വരും മണിക്കൂറുകളിലും ജില്ലയിൽ മഴ തുടരും. മൂന്ന് മണിക്കൂറിനുള്ളിൽ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും വരും മണിക്കൂറുകളിൽ മഴ തുടരും.
അതേസമയം ശക്തമായ മഴയുടെ സാഹചര്യത്തിൽ ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
Comments