തിരുവനന്തപുരം: ക്രൂരമായ ആസൂത്രണത്തോടെയാണ് ഗ്രീഷ്മ, ഷാരോൺ എന്ന തന്റെ കാമുകനെ ഇല്ലാതാക്കിയത്. ഹൊറർ സിനിമകളുടെ ആരാധികയായ ഗ്രീഷ്മ അതേ ചങ്കുറപ്പോടെ തന്നെയാണ് പോലീസിന്റെ ചോദ്യങ്ങളേയും ആദ്യഘട്ടത്തിൽ നേരിട്ടത്. ഷാരോൺ മരിച്ചതിന് പിന്നാലെ 26ാം തിയതിയും 27ാം തിയതിയുമാണ് പോലീസ് വീട്ടിലെത്തി ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയത്. പോലീസിന് യാതൊരു സംശയത്തിനും ഇട നൽകാത്ത രീതിയിലായിരുന്നു ഗ്രീഷ്മയുടെ ഇടപെടൽ.
എന്നാൽ 29ാം തിയതി വൈദ്യപരിശോധനാഫലം ലഭിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം യോഗം വിളിച്ചു. നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു ഷാരോൺ ഛർദ്ദിച്ചത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കീടനാശിനി ഉള്ളിൽ ചെന്നിരിക്കാമെന്ന സംശയത്തിലേക്ക് വഴി തെളിച്ചു. തുടർന്നാണ് ഗ്രീഷ്മയേയും മാതാപിതാക്കളേയും വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്.
കഷായത്തിൽ ഒന്നുമില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും കേസിൽ നിന്ന് രക്ഷപെടും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഗ്രീഷ്മ. എന്നാൽ തെളിവുകൾ അക്കമിട്ട് നിരത്തിയുള്ള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മുന്നിൽ ഗ്രീഷ്മയ്‌ക്ക് പിടിച്ച് നിൽക്കാനായില്ല. പിന്നാലെയാണ് കുറ്റങ്ങൾ ഓരോന്നായി ഏറ്റു പറയുന്നത്.
Comments