പെർത്ത്: ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ഇതിഹാസം സ്റ്റീഫൻ ഫ്‌ലെമിംഗ്. എന്തുഗ്രൻ താരമാണ് ഇയാളെന്നാണ് ഫ്‌ലെമിംഗിന്റെ ആദ്യ പ്രതികരണം. ടീം ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം തകർന്നടിഞ്ഞ പിച്ചിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ സൂര്യകുമാർ നേരിട്ടതാണ് ഫ്‌ലെമിംഗിനെ അത്ഭുതപ്പെടുത്തിയത്.
ഈ താരത്തിന് ഒന്നും പ്രശ്‌നമല്ല. അത്രമികച്ച സാങ്കേതിക തികവാണ് ഓരോ ഷോട്ടിലും പ്രകടിപ്പിക്കുന്നത്. ഒരു തരത്തിലുള്ള പിഴവും കണ്ടെത്താനാകാത്ത ബാറ്റിംഗ് മികവാണ് സൂര്യകുമാറിനുള്ളത്. വളരെ തെളിഞ്ഞ മനസ്സോടെ പ്രായോഗിക ബുദ്ധിയോടെ കളിക്കുന്ന ബാറ്ററാണ് സൂര്യകുമാറെന്നും മുൻ ന്യൂസിലാന്റ് നായകൻ പറഞ്ഞു.

ഇത്രയും അക്രമകാരിയായ ഒരു ബാറ്റർ മറ്റൊരു ടീമിലും ഇല്ല. കളിക്കുന്ന ആദ്യ പന്തിൽ തന്നെ സ്‌കോർ ചെയ്യും. മൈതാനത്തിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളിലേയ്‌ക്കാണ് സൂര്യകുമാറിന്റെ ഷോട്ടുകൾ പായുന്നത്. സ്വയം സൃഷ്ടിക്കുന്ന സാങ്കേതിക തികവാർന്ന ഷോട്ടുകളുടെ വൈവിധ്യം ബൗളർമാർക്ക് മനസ്സിലാക്കാനാവുന്നില്ലെന്നതാണ് ഇന്നലെ നാം കണ്ടത്. ഫുൾ ലെംഗ്ത് ഷോട്ടുകളെ ഒരു മടിയുമില്ലാതെ കവറിലേയ്‌ക്കാണ് പായിക്കുന്നത്. ഷോട്ട് പന്തുകളെ തേർ ഡ്മാനിലേയ്‌ക്കും പോയിന്റിലേയ്‌ക്കും പായിക്കുമ്പോൾ അത് കണ്ടിരിക്കുന്നത് തന്നെ ഒരു രസമാണെന്നും ഫ്‌ലെമിംഗ് പറഞ്ഞു.
പെർത്തിലെ വിക്കറ്റ് മികച്ച ബൗൺസ് നൽകുന്നതായിരുന്നു. എൻഗിഡി അത് ഭംഗിയായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ മുൻനിരയ്‌ക്ക് അടിതെറ്റി. എല്ലാവരും കൂടെ 80 പന്തിൽ ആകെ നേടിയത് 57 റൺസാണ്. ഇതിനിടെയാണ് 40 പന്തിൽ സൂര്യകുമാർ 68 റൺസ് എടുത്ത് ടീമിന് മാന്യമായ സ്‌കോർ നൽകിയത്. എന്നാൽ ബാറ്റിംഗിലെ കുറവ് ബൗളിംഗിൽ നികത്താൻ നടത്തിയ ശ്രമം അവസാന ഓവറി ലേയ്‌ക്ക് മത്സരത്തെ എത്തിക്കാനും ഇന്ത്യയ്‌ക്കായി.















