തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോണിന്റെ മരണത്തിന് കാരണമായത് കാമുകി ഗ്രീഷ്മയുടെ ഏറെക്കാലത്തെ ആസൂത്രണം.ഭാര്യയായി അഭിനയിച്ചും ദിവസവും സിന്ദൂരം ചാർത്തി ഫോട്ടോ അയച്ചും ഷാരോണിന്റെ വിശ്വാസം പിടിച്ചുപറ്റിയ ഗ്രീഷ്മ പക്ഷേ കാമുകനുള്ള മരണച്ചുഴി തയ്യാറാക്കുകയായിരുന്നു.
ഇടക്കിടെ ഷാരോണിന് ഛർദ്ദി വരുന്നതിനാൽ സംശയം തന്നിലേക്ക് വരില്ലെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഷാരോണിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ തന്നിലേക്ക് പോലീസിന്റെ സംശയം നീളുന്നത് ഗ്രീഷ്മ തിരിച്ചറിഞ്ഞു. ഇതോടെ പോലീസ് ചോദ്യം ചെയ്യലിനെത്തും മുൻപ് എങ്ങനെയാണ് ചോദ്യം ചെയ്യലെന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കി. മാതാപിതാക്കളോട് എങ്ങനെയാണ് പോലീസിനോട് പ്രതികരിക്കേണ്ടെന്നും പറഞ്ഞ് പഠിപ്പിച്ചു. എന്നാൽ മുൻപ് നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്‌ക്ക് വിനയായി തീരുകയായിരുന്നു.
കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരു വർഷം ആയതേ ഉള്ളൂ.ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്.അഴകിയമണ്ഡപം മുസ്ലിം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്.അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറുള്ളതെന്നാണ് ഷാരോണിന്റെ സുഹൃത്തുക്കൾ പറയുന്നത്.
പ്രണയം ഗാഢമായതോടെ ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.പഠനത്തിൽ മിടുക്കിയായ ഗ്രീഷ്മ അൽപ്പം പിറകോട്ടായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രണയബന്ധം അറിഞ്ഞത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരുവരും പ്രണയം തുടരുകയായിരുന്നു. ഇതിനിടയ്‌ക്കാണ് സൈനികന്റെ ആലോചന വരുന്നതും ഗ്രീഷ്മ പതിയെ ഷാരോണുമായി അകലം പാലിച്ച് തുടങ്ങുന്നതും. സ്വകാര്യദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാനായിരുന്നു കൊടും ക്രൂരത നടത്തിയതെന്നാണ് ഗ്രീഷ്മ പറയുന്നത്.
Comments