തൃശൂർ: കുടുംബത്തെയൊന്നാകെ പെരുവഴിയിലാക്കി ബാങ്കിന്റെ ജപ്തി നടപടി. തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 1,20,000 രൂപ വായ്പ എടുത്ത കുടുംബത്തിനാണ് ദുരവസ്ഥ. ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയിലായി. മുണ്ടൂർ സ്വദേശി ഓമന,മക്കളായ മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്. വീട്ടിൽ ആരുമില്ലാത്തപ്പോഴായിരുന്നു നടപടി. പുറത്തെ ശുചിമുറിവരെ പൂട്ടിയതായി ആരോപണമുണ്ട്. 2013 ൽ വീട് പണിക്കായി ഇവർ 1,20000 രൂപ വായ്പയെടുത്തത്. ഇപ്പോഴിത് പലിശയടക്കം വർദ്ധിച്ച് അഞ്ച് ലക്ഷത്തോളം രൂപ അടയ്‌ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ജപ്തി നടപടിയെ കുറിച്ച് മുൻകൂട്ടി പറഞ്ഞില്ലെന്ന് കുടുംബം ആരോപിച്ചു. തിരിച്ചടവ് മുടങ്ങിയപ്പോൾ നവംബർ അവസാനം വരെ സാവകാശം നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെയാണ് ബാങ്കിന്റെ ക്രൂരത. അർദ്ധരാത്രിയിലുംം അമ്മയും മക്കളും വീടിന് മുന്നിൽ കഴിയുകയാണ്.















