ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ അടിയന്തരമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പരിശോധനയിൽ സൈക്കോആക്ടീവ് വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ, ജീവനക്കാരുടെ ഫിറ്റ്നസ്, വ്യോമയാന ചട്ടങ്ങൾ എന്നിവയിലെ ലംഘനങ്ങളോട് സീറോ ടോളറൻസ് നയമാണ് എയർ ഇന്ത്യ പിന്തുടരുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. 137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം യാത്രയ്‌ക്കിടെ ശക്തമായ പ്രക്ഷുബ്ധതയിൽപ്പെട്ടു. തുടർന്ന് വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് ജീവനക്കാരുമുണ്ടായിരുന്നു. എയർബസ് A320-251N വിമാനമായിരുന്നു സർവീസിനുപയോഗിച്ചത്.
സംഭവത്തിന് പിന്നാലെ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലഹരി പരിശോധനയിൽ ആദ്യം മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ സ്ഥിരീകരണ പരിശോധനയിലും സൈക്കോആക്ടീവ് വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വ്യക്തമാക്കി.
‘ഗുരുതര ആശങ്ക’; ഡിജിസിഎയോട് നടപടിക്ക് ശുപാർശ
പൈലറ്റിന്റെ പരിശോധനാഫലം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് AAIB വ്യക്തമാക്കി. ലഹരി ഉപയോഗം തടയുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അന്വേഷണ ഏജൻസി ശുപാർശ ചെയ്തു. സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിലെ ജീവനക്കാരിൽനിന്നും മറ്റ് ബന്ധപ്പെട്ടവരിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.















