സിഎസ്എ ടി20 ചലഞ്ചിൽ ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിംഗ് വെടിക്കെട്ടിനാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. ‘ജൂനിയർ എബി’യെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത ബ്രെവിസ് സാക്ഷാൽ എബി ഡിവില്ലിയേഴ്സിനെ പോലും കണ്ണുതള്ളിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നൈറ്റ്സ് ടീമിനെതിരെ ടൈറ്റൻസിനായി കളിച്ച ബ്രെവിസിന്റെ കളി ആരെയും അത്ഭുതപ്പെടുത്തും. ഓപ്പണറായി ഇറങ്ങിയ ബ്രെവിസ് 57 പന്തുകളിൽ 13 ഫോറും 13 സിക്സും ഉൾപ്പെടെ 162 റൺസാണ് അടിച്ചു കൂട്ടിയത്. ഇതോടെ റെക്കോർഡുകളുടെ ഒരു നിരയാണ് ഈ പത്തൊമ്പതുകാരന്റെ മുന്നിൽ ഉടഞ്ഞു വീണത്. 284.21 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.
പുരുഷന്മാരുടെ ടി20-യിൽ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഡെവാൾഡ് ബ്രെവിസ് സ്വന്തമാക്കിയിരിക്കുന്നത്. 2014-ൽ ഈസ്റ്റേൺസിനെതിരെ പീറ്റർ മലാൻ ഉയർത്തിയ 140 റൺസും 2022-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ക്വിന്റൺ ഡി കോക്ക് നേടിയ 140 റൺസുമാണ് ഡെവാൾഡ് ബ്രെവിസ് മറികടന്നിരിക്കുന്നത്. മാത്രമല്ല, പുരുഷന്മാരുടെ ടി20യിൽ വേഗത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും ബ്രെവിസ് സ്വന്തമാക്കി. 2013-ൽ കേപ് കോബ്രാസിനെതിരെ 20 വയസ്സും 62 ദിവസവും പ്രായമുള്ളപ്പോൾ 126* റൺസ് നേടി ഡി കോക്ക് ചരിത്രം കുറിച്ചിരുന്നു. ഇപ്പോൾ, വെറും 19 വയസ്സും 185 ദിവസവും പ്രായമുള്ള ബ്രെവിസ് ആ ചരിത്രം തിരുത്തി കുറിച്ചു.
ഇതിനെല്ലാമപ്പുറം, പുരുഷന്മാരുടെ ടി20-യിൽ ഏറ്റവും കുറഞ്ഞ പന്തിൽ ഏറ്റവും വലിയ സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഡെവാൾഡ് ബ്രെവിസ്. പട്ടികയിൽ മൂന്നാം സ്ഥാനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2013-ലെ ഐപിഎല്ലിൽ പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 66 പന്തിൽ നിന്ന് 175* അടിച്ചുകൂട്ടിയ ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സിംബാവെ- ഓസ്ട്രേലിയ മത്സരത്തിൽ 76 പന്തിൽ നിന്ന് 172 റൺസ് എടുത്ത ആരോൺ ഫിഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. ഈ ഇതിഹാസ താരങ്ങളുടെ പട്ടികയിലേയ്ക്കാണ് ബ്രെവിസ് എന്ന പത്തൊമ്പതുകാരൻ കൂറ്റൻ അടികളുമായി ഇടം പിടിച്ചിരിക്കുന്നത്. റെക്കോർഡുകളെല്ലാം പഴങ്കഥകളാക്കി കൊണ്ടുള്ള ബ്രെവിസിന്റെ മിന്നും പ്രകടനത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് വാനോളം പുകഴ്ത്തി. ജൂനിയർ എബിയുടെ പ്രകടനത്തെ ട്വിറ്ററിലൂടെയാണ് എബിഡി പ്രശംസിച്ചത്.
Comments