ടി 20 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നാളെ ഏറ്റുമുട്ടുകയാണ്. ചാമ്പ്യൻഷിപ്പിൽ സെമിയ പ്രവേശനത്തിന് ഇരുരാജ്യങ്ങളക്കും വിജയം അനിവാര്യമാണ്. എന്നാൽ തങ്ങൾ ടൂർണ്ണമെന്റിന് എത്തിയത് കപ്പ് നേടാനല്ല എന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസ്സന്റെ അഭിപ്രായം.
ഗ്രൂപ്പ് രണ്ടിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുണ്ട്. നാളത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് സെമി സാധ്യത വർധിക്കും. റൺറേറ്റിൽ മുന്നിലായത് കൊണ്ട് ഇന്ത്യക്ക് നാളെ ജയിച്ചാൽ സെമി സാധ്യത ഏകദേശം ഉറപ്പിക്കാം. അതിനിടെയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രസ്താവന.
തങ്ങൾ ടൂർണ്ണമെന്റിലെ ഫേവറിറ്റുകളല്ല, എന്നാൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് ഷക്കീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇന്ത്യ പ്രിയപ്പെട്ടവരാണ്. അവർ ലോകകപ്പ് നേടാനാണ് ഇവിടെയുള്ളത്. ഞങ്ങൾ കപ്പ് നേടാനല്ല ഇവിടെത്തെിയത്. ഇന്ത്യയെ തോൽപ്പിച്ചാൽ അവർ അസ്വസ്ഥമാകും, ഞങ്ങൾ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കും,’ ഷക്കീബ് പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്ത്യക്ക് ആയിരുന്നു മേൽക്കൈയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുടീമുകളും തമ്മിൽ ഇതുവരെ 11 ടി 20 മത്സരങ്ങളാണ് കളിച്ചത്. അതിൽ 10 മത്സരവും ഇന്ത്യ ജയിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.
ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ദുർബലരായ നെതർലാന്റ്‌സിനോടും സിംബാബ്‌വെയോടും ജയിച്ചാണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയെ കുറിച്ച് പറയുകയാണെങ്കിൽ, രോഹിത് ശർമ്മ നയിക്കുന്ന ടീം ആദ്യ കളിയിൽ ചിരവൈരികളായ പാകിസ്താനെതിരെ 4 വിക്കറ്റിന് ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. തുടർന്ന് നെതർലാൻഡ്സിനെ 56 റൺസിന് തകർത്തു. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 5 വിക്കറ്റിന് തോൽക്കുകയും ചെയ്തു.
Comments